ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം
ലോകമാകെ സൗന്ദര്യവർധകവസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഹെയർ ഡൈ ആണ്. എന്നാൽ ഹെയർ ഡൈ കാൻസർ സാധ്യത വർധിപ്പിക്കാമെന്ന് നീണ്ട കാലമായി പറയപ്പെടുന്നുണ്ട്.
ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്, ഹെയർ ഡൈയുടെ ഉപയോഗം ബ്ലാഡർ കാൻസറിനും സ്തനാർബുദത്തിനും ലുക്കീമിയ, ലിംഫോമ പോലുള്ള രക്താർബുദങ്ങൾക്കും കാരണമാകാം. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ബ്ലാഡർ കാൻസറാണ്.
ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ (IARC) വ്യക്തമാക്കുന്നത് പോലെ, ഹെയർ ഡൈയിൽ ചില അപകടകരമായ രാസവസ്തുക്കളുണ്ട്, ഇവ കാൻസറിന് കാരണമാകാൻ സാധ്യതയുള്ളവയാണ്.
ബാർബർമാർ, ഹെയർഡ്രസ്സേഴ്സ്, സലൂണുകളിൽ ജോലി ചെയ്യുന്നവർ പോലെ ഹെയർ ഡൈയുമായി സ്ഥിരമായി സമ്പർക്കത്തിലാകുന്ന പ്രഫഷണലുകൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
ഹെയർ ഡൈയിൽ അടങ്ങിയിരിക്കുന്ന അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, പാരാഫിനൈൽ എനൈഡിയാമിൻ (PPD) തുടങ്ങിയ ഘടകങ്ങളാണ് പ്രധാന അപകടകാരികൾ.
അമോണിയ തലമുടിയുടെ പിഎച്ച് നില ഉയർത്തി പുറംപാളി തുറക്കുന്നു. ഹൈഡ്രജൻ പെറോക്സൈഡ് പിഗ്മെന്റുകളെ വിഘടിപ്പിച്ച് ചായം പിടിക്കാൻ സഹായിക്കുന്നു.
PPD തലമുടിയിൽ ദീർഘകാലം നിലനിൽക്കുന്ന നിറം നൽകുന്ന രാസഘടകമാണ്. ഈ ഘടകങ്ങൾ ഫലപ്രദമാണെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാം.
അമോണിയ തലയോട്ടിയിൽ അസ്വസ്ഥത സൃഷ്ടിക്കുകയും, ഹൈഡ്രജൻ പെറോക്സൈഡ് അമിതമായി ഉപയോഗിക്കുമ്പോൾ തലമുടിക്ക് കേടുവരുത്തുകയും ചെയ്യാം. PPD ചിലരിൽ അലർജി ഉണർത്തും.
ഈ രാസ വസ്തുക്കൾ തലയോട്ടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച് രക്തത്തിൽ കലർന്ന് പിന്നീട് മൂത്രസഞ്ചിയിലേയ്ക്ക് എത്തുകയും അത് കാൻസറിന് കാരണമാകാൻ സാധ്യത ഉണ്ടാകുകയും ചെയ്യുന്നു.
വീടുകളിൽ ഇടയ്ക്കിടയ്ക്ക് ഹെയർ ഡൈ ഉപയോഗിക്കുന്നവർക്ക് കാൻസർ സാധ്യത വളരെ കുറവാണ്. എന്നാൽ ജോലി ചെയ്യുന്ന സ്ഥലത്ത് ദൈർഘ്യമായി ഹെയർ ഡൈ ഉപയോഗിക്കുന്നവർ വളരെ ജാഗ്രത പാലിക്കണം.
ഗ്ലൗസ് ധരിക്കുക, വായുസഞ്ചാരമുള്ള സ്ഥലത്ത് ജോലി ചെയ്യുക, അപകടകാരികളല്ലാത്ത ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക എന്നിവ അത്യന്തം പ്രധാനമാണ്.
കൂടാതെ, ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന വിധത്തിൽ അപകടകാരിയായ രാസവസ്തുക്കളുടെ ഉപയോഗവും സമ്പർക്കവും പരമാവധി കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്.
1980-കളെ മുൻപ് ഹെയർ ഡൈകളിൽ ഉപയോഗിച്ചിരുന്ന ചില രാസങ്ങൾ ഇന്ന് നിരോധിക്കപ്പെട്ടിട്ടുണ്ട്. പുതിയ ഫോർമുലകളിൽ മാറ്റം വരുത്തിയതിനാൽ ഇപ്പോൾ വിപണിയിൽ ലഭ്യമായ ഹെയർ ഡൈകൾ മുൻകാലത്തേക്കാൾ സുരക്ഷിതമാണ്.
ഇനി ശരീരഭാരം നോക്കിനിൽക്കുമ്പോൾ കുറയും…!
ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവർ ആരെങ്കിലുമുണ്ടോ..? പക്ഷെ അതിനു വേണ്ടി മെനക്കെടാൻ തയ്യാറാകാത്തവരാണ് ഭൂരിഭാഗവും.
എങ്ങനെ അത് ചെയ്യാം എന്നതിൽ അജ്ഞത ഉള്ളവരാണ് കൂടുതലും. ഇതിന് പരിഹാരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ പഠനത്തിൽ പറഞ്ഞിരിക്കുന്നത്.
രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ വ്യായാമം ചെയ്യുന്നവരുടെ ബോഡി മാസ് ഇന്‍ഡക്‌സും (ബിഎംഐ) അരവണ്ണവും മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്തവരേക്കാള്‍ കുറഞ്ഞിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഫിറ്റ്‌നെസ് യാത്രയില്‍ ഉറക്കത്തിനുള്ള പ്രാധാന്യവും പഠനത്തില്‍ പറയുന്നു. വ്യായാമം ചെയ്യാനായി രാവിലെ നേരത്തേ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം കുറയാതിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഫിറ്റ്‌നസിന് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഇതിനായി രാത്രിയിലെ സ്‌ക്രീന്‍ ടൈം ഉള്‍പ്പെടെ കുറച്ച് കൃത്യമായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പിയര്‍ റിവ്യൂഡ് ജേണലായ ഒബീസിറ്റിയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡിസിയുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഭാഗമായി 5285 മുതിര്‍ന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
മരണത്തിനുവരെ കാരണമാകും ഈ അലർജി…!
നമുക്കെല്ലാം വളരെ സുപരിചിതമായ പദമാണ് അലർജി എന്നത്. നാം വളരെ നിസ്സാരമെന്നു കരുതുന്ന അലർജി പ്രശ്നങ്ങൾ നമ്മെ ചിലപ്പോൾ മാരകമായ അവസ്ഥയിലേക്കെത്തിച്ചേക്കാം.
അലർജിയുടെ കൂട്ടത്തിൽ ഏറ്റവും മാരകവും ജീവന് ഭീഷണിയുമായ രൂപമായ അനാഫൈലക്സിസ് എന്ന അവസ്ഥ മരണത്തിനുവരെ കാരണമാകുന്ന ഒന്നാണ്.
ഇഷ്ടപ്പെടാത്ത വസ്തുവിനോട് (പ്രധാനമായും പ്രോട്ടീനുകൾ) നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് അലർജ്ജി എന്ന് പൊതുവെ പറയുന്നത്.
ചിലപ്പോൾ മരണത്തിനു വരെ കാരണമാകും വിധം മാരകമാകാൻ ഇടയുള്ള ഒന്നാണ് അലർജി. അലർജിക്ക് റൈനൈറ്റിസ്, ആസ്ത്മ, തുടങ്ങിയവ സാധാരണ അലർജി രോഗങ്ങളാണ്.
തുമ്മൽ, ശ്വാസംമുട്ടൽ, ദേഹമാകെ ചൊറിഞ്ഞ് തടിക്കൽ (അർട്ടികാറിയ) തുടങ്ങി ഏതു രൂപത്തിലും അലർജി പ്രത്യക്ഷപ്പെടാം. ശരീരത്തിലെ ഏതവയവത്തെയും ഇതു ബാധിക്കാം.
തീവ്രമായ അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുന്നു.
ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങിവ ഉണ്ടായി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (Anaphylaxis) എന്നറിയപ്പെടുന്നത്.
ചില ആഹാരസാധനങ്ങൾ, മരുന്നുകൾ കുത്തിവെച്ചതിനെത്തുടർന്ന്, തേനീച്ച കടന്നൽ തുടങ്ങിയ പ്രാണികളുടെ കുത്തേറ്റാലുടൻ വളരെ പെട്ടെന്നു മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം മാരകമായ ഈ അനാഫൈലാക്സിസ് ആണ്.
ലക്ഷണങ്ങൾ:
തൊണ്ടയിലും നാവിലും വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, അമിത ശ്വാസനിരക്ക്, വിഴുങ്ങാൻ ബുദ്ധിമുട്ട്
തൊണ്ടയിൽ ഞെരുക്കം പരുക്കൻ ശബ്ദം, ശ്വാസതടസ്സം, പെട്ടെന്നുള്ള കടുത്ത ചുമ ശബ്ദത്തോടെയുള്ള ശ്വസനം
നീല അല്ലെങ്കിൽ വിളറിയ ചർമ്മം, ചുണ്ടുകൾ, നാവ്, മരിച്ചു പോകുമെന്ന തോന്നല്‍ ഇതൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ.
ക്ഷീണം, തലകറക്കം, ബോധക്ഷയം, തൊടുമ്പോൾ തണുപ്പ് അനുഭവപ്പെടുന്ന ചർമ്മം തുടങ്ങൊയവയും ലക്ഷണങ്ങളാണ്. ഇത് മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
ഈ അവസ്ഥയിൽ രോഗിക്ക് ഉടൻ തന്നെ ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്.
അനാഫിലാക്‌സിസ് എവിടെവെച്ച് എപ്പോഴാണുണ്ടാകുക എന്നത് മിക്കപ്പോഴും പ്രവചിക്കാനാവില്ല. അത് വീട്ടിൽ വെച്ചോ പുറത്തു നിന്ന് ആഹാരം കഴിക്കുന്നിടത്തു നിന്നോ അല്ലെങ്കിൽ പണിസ്ഥലത്തു വെച്ചോ ആകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
തങ്ങൾക്കു അലർജി ഉണ്ടെന്നുള്ള കാര്യവും മാരകമായ അലർജിക്ക് കാരണമായ വസ്തുക്കളുടെ വിവരവും കുടുംബാംഗങ്ങളെയും അടുത്ത സൃഹുത്തുക്കളെയും ജോലിസ്ഥലത്തെ സഹപ്രവർത്തകർ, അധികാരികൾ തുടങ്ങിവരേയും മുന്നേ അറിയിക്കുക എന്നത് വളരെ പ്രധാനമാണ്.
ഭക്ഷണ അലർജിയുണ്ടെങ്കിൽ, ഭക്ഷണ ലേബലുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക, റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ജീവനക്കാരോട് അലർജിയെക്കുറിച്ച് പറയുകയും കഴിക്കുന്ന ഭക്ഷണത്തിൽ നേരത്തെ പ്രശ്നമുണ്ടായ ഘടകങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യുക .
അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടറുകൾ എല്ലായ്‌പ്പോഴും കൊണ്ട് നടക്കുക. അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടറിന്റെ കാലാവധി പതിവായി പരിശോധിക്കുക, അവ കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയവ വാങ്ങുക.
അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടർ എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പരിചരിക്കുന്നവരെയും പഠിപ്പിക്കുക
ലക്ഷണങ്ങൾ നേരിയതാണെങ്കിൽ പോലും, നേരത്തെ ഉണ്ടായ അനുഭവം വെച്ച് അനാഫൈലക്സിസ് ഉണ്ടെന്ന് കരുതുന്നുവെങ്കിൽ അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടർ ഉപയോഗിക്കുക.
സ്റ്റീറോയിഡ്, ആന്റി ഹിസ്റ്റമിനുകൾ വിഭാഗത്തിൽ പെട്ട മരുന്നുകൾ ഇപ്പോഴും കയ്യിൽ കരുതുക . ലക്ഷണങ്ങൾ കണ്ടാലുടൻ അവ കഴിച്ചതിനു ശേഷം ഉടൻ തന്നെ വൈദ്യ സഹായം തേടുക.
തങ്ങളുടെ അലർജിയെക്കുറിച്ചുള്ള വിവരങ്ങളുള്ള ബ്രേസ്‌ലെറ്റ് പോലുള്ള മെഡിക്കൽ മുന്നറിയിപ്പ് ആഭരണങ്ങൾ ധരിക്കുക – ഇത് അടിയന്തര സാഹചര്യത്തിൽ അലർജിയെക്കുറിച്ച് അറിയാൻ സഹായകരമാകും. കൂടെയുള്ളവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എളുപ്പമാകുകയും ചെയ്യും.
അലർജിയുള്ള ഭക്ഷണം, മരുന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കളോട് അലർജിയുണ്ടെങ്കിൽ അതൊക്കെ പൂർണമായും ഒഴിവാക്കുക.