തിരക്കേറിയ ബോവിക്കാനം ടൗണില്‍ അപകടങ്ങളുടെ പരമ്പരയാണ്. സർക്കിൾ സ്ഥാപിച്ച് ഇതിനൊരു പരിഹാരം കാണണമെന്ന് ബോവിക്കാനം ടൗണ് യൂത്ത് ലീഗ് കമ്മിറ്റി.
ബോവിക്കാനം ടൗണില്‍ രാവിലെയും വൈകീട്ടും കൂടുതൽ പൊലീസിന്റെയോ, ഹോം ഗാര്‍ഡിന്റെയോ സേവനം ലഭ്യമാക്കി ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്.
മുളിയാര്‍ ഗ്രാമപഞ്ചായതിന്റെ ആസ്ഥാന കേന്ദ്രമായ ബോവിക്കാനം ജനത്തിരക്കും, വാഹന പെരുപ്പവുമുള്ള ടൗണാണ്. ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയായി 2500 ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
കൂടാതെ ഇരിയണ്ണി ഉള്‍പെടെയുള്ള വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന നിരവധി വിദ്യാര്‍ഥികള്‍ ബോവിക്കാനം ജംഗ്ഷനിൽ രാവിലെയും വൈകീട്ടും എത്തുന്നതിനാല്‍ നല്ല തിരക്കനുഭവപ്പെടുന്നു. പ്രധാന കവലയായതിനാല്‍ പൊതുജനങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി ബോവിക്കനത്താണ് എത്തുന്നത്. ബോവിക്കാനം സ്‌കൂളിന് അമ്പത് മീറ്റര്‍ മാത്രം ദൂരവ്യത്യാസത്തിലുള്ള ചെര്‍ക്കള – ജാല്‍സൂര്‍ സംസ്ഥാന പാതയിലൂടെ അണമുറിയാതെ നിരവധി വാഹനങ്ങളാണ് നിത്യവും കടന്നു പോകുന്നത്.
ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കാന്‍ വളരെ അധികം പ്രയാസം നേരിടുന്നു. ഇവിടങ്ങളില്‍ പലതവണകളിലായി അപകടങ്ങള്‍ നടന്നിട്ടുണ്ട്. വലിയ അപകടങ്ങള്‍ സംഭവിച്ചേക്കുമെന്ന ഭയപ്പാടിലാണ് രക്ഷിതാക്കളും പ്രദേശവാസികളും.