സഞ്ചാരികളുടെ ശ്രദ്ധ പതിയാതെ കിടന്നിരുന്ന സുന്ദരമായ ഒരു പ്രദേശമുണ്ട് ഇടുക്കിയിൽ. ജലാശയത്തിന്റെ നീലിമയും പർവതങ്ങളുടെ മനോഹാരിതയും ഒന്നുചേർന്ന ആ പ്രദേശത്തിന്റെ പേരാണ് അഞ്ചുരുളി മുനമ്പ്. അഞ്ചുരുളി ജലാശയം സഞ്ചാരികൾക്ക് പരിചിതമാണെങ്കിലും മുനമ്പിലേക്ക് അധികമാരും എത്താറില്ലായിരുന്നു.
മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുമ്പിലേക്ക് എത്തണമെങ്കിലും വനം വകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാൽ സഞ്ചാരികളുടെ കാണാമറയത്ത് നിന്നിരുന്ന പ്രകൃതി ഭംഗിയുടെ നിധിയിലേക്കുള്ള കവാടം ഇപ്പോൾ വനം വകുപ്പ് തുറന്നു നൽകിയിരിക്കുകയാണ്.
പരീക്ഷണാടിസ്ഥാനത്തിൽ വനം വകുപ്പ് ഇക്കോ ടൂറിസം ഇവിടെ നടപ്പാക്കിയിരിക്കുകയാണ്. കാനന പാതയും, മൂന്നുവശവും വെള്ളത്താൽ ചുറ്റപെട്ട മുനമ്പും,ചരിത്രം വിളിച്ചോതുന്ന മുനിയറകളുടെ അവശേഷിപ്പുകളുമാണ് സഞ്ചരികളെ കാത്തിരിക്കുന്നത്.
അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് മുനമ്പ് സ്ഥിതി ചെയ്യുന്നത്. കട്ടപ്പന കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നും പേഴും കണ്ടം റോഡിൽ കൂടി ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ തേക്കിൻ കൂപ്പ് എത്തും. അവിടെയാണ് മുനമ്പിലേക്കുള്ള പ്രവേശന കവാടം.
പിന്നീട് സഞ്ചാരികളെ ആദ്യം ആകർഷിക്കുന്നത് കാനന പാതയാണ്. ഏകദേശം മുക്കാൽ കിലോമീറ്റർ വനത്തിലൂടെ കാൽനടയായി സഞ്ചരിക്കണം. പ്രകൃതി ഒരുക്കിയ നിരവധി കൗതുകങ്ങൾ കണ്ടുകൊണ്ടുള്ള യാത്ര തുടക്കം മുതലേ ഏതൊരാൾക്കും ഏറെ ആസ്വാദ്യകരമാണ്.
കാനന പാതകൾ താണ്ടി എത്തുന്നത് പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകളുടെ കലവറയിലേക്കാണ്. പച്ചപ്പു വിരിച്ച് നീണ്ടുകിടക്കുന്ന മുനമ്പിന്റെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇതിലൂടെ നടന്നു ചെല്ലുന്നത് കടലിന് സമാനമായി അനുഭൂതി പകരുന്ന അഞ്ചുരുളി മുനമ്പിലാണ്.
ഓളം തല്ലുന്ന വെള്ളം തിരമാലുകളുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അതോടൊപ്പം പൂർവികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തതിന്റെ അടയാളങ്ങൾ എന്ന് വിശ്വസിക്കുന്ന മുനിയറകളുടെ ശേഷിപ്പുകൾ ഇവിടെ കാണാൻ സാധിക്കും. കൂടാതെ നിരവധി നന്നങ്ങാടികളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
ഇവിടെ പ്രാചീന മനുഷ്യർ വസിച്ചു എന്നതിന്റെ തെളിവുകളും അഞ്ചുരുളി മുനമ്പ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. അതോടൊപ്പം അഞ്ചുരുളി തുരങ്കത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും, കരടിയള്ള് എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. നോക്കത്താ ദൂരം കിടക്കുന്ന അഞ്ചുരുളി ജലാശയത്തിന്റെ കാഴ്ച ഏറെ അനുഭൂതി പകരുന്നു.