കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. A man from Tamil Nadu was arrested by the police with a fake ticket prepared in the name of monsoon bumper of Kerala state lottery
തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ സ്ട്രീറ്റ് നം.7/170-ല്‍ അരുണാസലത്തിന്റെ മകന്‍ എ.സെല്‍വകുമാറാണ് പിടിയിലായത്.
കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു.
ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.
വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഭാഗ്യക്കുറി വകുപ്പു ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വകുപ്പ് നല്‍കിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.