ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതിനെ തുടർന്ന് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ് എടുത്തത്.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികൾക്കാണ് ഗുരുതര വൈകല്യമുള്ള കുഞ്ഞ് പിറന്നത്. ഗർഭകാലത്തെ സ്കാനിങ്ങില്‍ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുഞ്ഞിന്‍റെ കുടുംബത്തിന് പരാതി . പ്രസവത്തിന്‍റെ അന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാർഥ സ്ഥാനത്തല്ല. വായ തുറക്കുന്നില്ല.
മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്കാനിങ്ങിലൊന്നും ഡോക്ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് പരാതി. നവജാത ശിശുവിന്‍റെ മാതാവ് നൽകിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.