വയനാട്ടിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കർ ഉൾപ്പെടെയുള്ള ആളുകളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. case has been filed against five people in the case of selling an infant for Rs 10,000.
ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഓഗസ്റ്റ് 11നാണ് വയനാട്ടിൽ നിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് 10000 രൂപയ്ക്ക് വിറ്റത്.
ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണം ആരംഭിച്ച പോലീസ്, ചൈൽഡ് വെൽഫയർ കമ്മിറ്റിയെ(സിഡബ്ല്യുസി) വിവരം അറിയിച്ചു.
തുടർന്ന് കുട്ടിയേയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു.കുട്ടിയെ വാങ്ങിയത് സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് എന്നും പോലീസ് കണ്ടെത്തി.
ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ് യുവതി. കുഞ്ഞിനെ സിഡബ്ല്യുസി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.