തിരുവനന്തപുരം: ലഹരിക്കെതിരായുള്ള പോരാട്ടത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി കേരള സർവകലാശാല. ഇനിമുതൽ കേരള സർവകലാശാല കോളേജിൽ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി നൽകണമെന്നതാണ് തീരുമാനം.
ഗവേഷണ പഠനം ഉൾപ്പെടെ ഡിഗ്രി, പിജി കോഴ്സുകളിൽ ചേരണമെങ്കിൽ പോലും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം നൽകേണ്ടിവരും. അതോടൊപ്പം തന്നെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ ആരംഭിക്കും.
മാത്രമല്ല ലഹരിവിരുദ്ധ കാമ്പസുകൾക്ക് പ്രത്യേകം അവാർഡുകൾ നൽകുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിനിടെയായിരുന്നു ഈ നിർണായക പ്രഖ്യാപനം.
വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഒടുവിൽ എക്‌സൈസിന്റെ പിടി വീണു
കൊല്ലം: ചടയമംഗലത്ത് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.









