10 ദിവസം അനങ്ങാതെ കിടക്കുന്നതിനു പ്രതിഫലം 4.73 ലക്ഷം രൂപ. അങ്ങനൊരു ജോലിയായാലോ ? ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാന് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) പ്രതിഫലം നല്‍കുന്നത്.
1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരും 20നും 26നും ഇടയില്‍ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലര്‍ജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്.
ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency-ESA)യാണ് പഠനത്തിന് പിന്നിൽ. ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic)പഠനം നടക്കുന്നത്.
പഠനത്തില്‍ പങ്കെടുക്കാന്‍ പത്തുദിവസത്തേക്ക് അനങ്ങാതെ കിടക്കണം. ബഹിരാകാശയാത്രയില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള പഠനങ്ങൾക്കായാണ് വ്യക്തികളെ പ്രതിഫലം നല്‍കി പരീക്ഷണത്തിന് വിധേയമാക്കുന്നത്.
എന്നാൽ ഇതിലൊരു പ്രശ്നമുണ്ട്. സാധാരണകിടക്കയിലെ പോലെ സുഖമായി അങ്ങ് കിടന്നുകയാം എന്ന് കരുതരുത്. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലില്‍ വെള്ളം നിറച്ച് അതിനുമുകളിലാണ് കിടക്കേണ്ടത്. നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയാണിത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുക്കുന്നത്.
വിവാള്‍ഡി (Vivaldi) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോള്‍ നടന്നുവരുന്നത്. വെള്ളത്തിനുമുകളില്‍ കൈകളും തലയും അല്‍പം ഉയര്‍ന്ന് മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയിലാണ് ഇതിൽ പങ്കെടുക്കുന്നവർ കഴിയേണ്ടത്.
ഭക്ഷണം കഴിക്കുന്നതിനായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ പില്ലോയും നല്‍കും. പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ഇടവേളകളില്‍ വോളണ്ടിയര്‍മാരെ താല്‍ക്കാലികമായി ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തിലുള്ള ശാരീരികനിലയില്‍ വ്യതിയാനം വരാതെയിരിക്കാനാണ് ഇത്.
പരീക്ഷണത്തില്‍ കഴിയുന്നവര്‍ അധികസമയവും ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യമുള്ളതിനാല്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതിന് മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്.
പത്തുദിവസം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം പൂര്‍വ്വസ്ഥിതിയിലേക്കുള്ള ശരീരത്തെ വീണ്ടെടുക്കലിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ട്. ശരീരഭാരമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യമായതിനാല്‍ ആണിത്. പിന്നീട് പത്തുദിവസത്തിനുശേഷം വീണ്ടും ക്ലിനിക്കിലെത്തി ആരോഗ്യസ്ഥിതി പരിശോധിക്കണം.