പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ ഫ്ലാറ്റിന്റെ 29ാം നിലയിൽ നിന്നും മാതാവ് വലിച്ചെറിയുകയായിരുന്നു. പിന്നാലെ താഴേയ്ക്ക് ചാടി 37കാരിയായ മാതാവും ജീവനൊടുക്കി. നഗരത്തിലെ ഫ്ലാറ്റിൽ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്.
മൈഥിലി ദുവാ എന്ന 37കാരിയും 8 വയസുള്ള മകളുമാണ് മരിച്ചത്. പൻവേലിലെ പാലാപ്സിലെ മാരത്തോൺ നെക്സ്റ്റിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. അന്നേ ദിവസം രാവിലെ മകളെയുമെടുത്ത് യുവതി മുറിയിൽ കയറുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കതക് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി അതിനു തയാറായില്ല. ഈ സമയം മുറിയ്ക്കുള്ളിൽ നിന്ന് പെൺകുട്ടിയും അമ്മയോട് മുറി തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കരയുന്നത് താൻ കേട്ടിരുന്നുവെന്നും യുവതിയുടെ ഭർത്താവ് ആശിഷ് പറഞ്ഞു .
എന്നാൽ ഇതൊന്നും തന്നെ വകവയ്ക്കാതെ ബാൽക്കണിയിലെത്തിയ യുവതി മകളെ താഴേക്ക് വലിച്ചെറിഞ്ഞ ശേഷം പിന്നാലെ ചാടുകയായിരുന്നു. ഉടൻ തന്നെ ഭർത്താവും ഫ്ലാറ്റിലെ ജീവനക്കാരും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും, അതാവാം ഇത്തരത്തിലൊരു പ്രവർത്തിയിലേയ്ക്ക് നയിച്ചതെന്നുമാണ് ഭർത്താവ് വിശദമാക്കുന്നത്. എന്നാൽ ഭർത്താവിൽ നിന്നുള്ള പീഡനത്തേ തുടർന്നാണ് 37കാരി ജീവനൊടുക്കിയതെന്നാണ് മൈഥിലിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. 13 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.