കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാർച്ച് 10ന് ആണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
രണ്ടു ദിവസമായി കുട്ടിയുടെ തൊണ്ടയിൽ ഹാങ്ങർ ഹുക്ക് കുടുങ്ങിയിരിക്കുകയാണ്. തുടർന്ന് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹാങ്ങർ ഹുക്ക് പുറത്തെടുത്തത്. ഹാങ്ങർ ഹുക്ക് കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ചിരുന്നു. കൂടാതെ ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിലാണ് കിടന്നിരുന്നത്.
എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്. ഇഎൻടി വിഭാഗം വകുപ്പ് മേധാവിയായ ഡോ. തുളസീധരനും, അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷും, സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടുന്ന ടീം എൻഡോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അപകടനില തരണം ചെയ്ത കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.









