കൽപ്പറ്റ: കൽപ്പറ്റ നഗര പ്രദേശങ്ങളിൽ യുവാക്കൾക്കിടയിൽ എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കൾ പിടിയിൽ. കൽപ്പറ്റ എക്‌സൈസ് സർക്കിളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24), മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കൽ വീട്ടിൽ അബ്ദുൽ മുഹമ്മദ് ആഷിഖ് (22) എന്നിവരാണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ തിരച്ചിലിലാണ് യുവാക്കൾ പിടിയിലായത്.
പ്രതികളിൽ സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ മുൻപും ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സമാന കേസിൽ പിടിയിലായിട്ടുണ്ട്. ഈ കേസിൻറെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിച്ചു വരുന്നതിനിടെയാണ് വീണ്ടും സമാന സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ഈ മൂവർ സംഘത്തിന് കൂടുതൽ അളവിൽ എംഡിഎംഎ എത്തിച്ചു നൽകുന്ന ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി എ ഉമ്മർ, പ്രിവന്റീവ് ഓഫീസർ കെ എം ലത്തീഫ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ വി സൂര്യ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പിസി സജിത്ത്, കെകെ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.









