കൊച്ചി: നെസ്ലെ ബ്രാൻഡിന്റെ കോൺഫ്ലേക്ക് കവറിൽ തായ്ലന്റിൽ നിന്നും പാഴ്സലായി വരുത്തിയത് ഒരുകോടി രൂപയുടെ ഹൈബ്രീഡ് കഞ്ചാവ്. യുവാവിനെ കയ്യോടെ പൊക്കി കംസ്റ്റംസ്. കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ആണ് പിടിയിലായത്. കൊച്ചിയിലാണ് സംഭവം. തായ്‌ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് തപാൽ മാർഗ്ഗം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
തപാൽ വകുപ്പിൻ്റെ സഹായത്തോടെയാണ് കസ്റ്റംസ് ഈ ദൗത്യം പൂർത്തീകരിച്ചത്. തായ്‌ലൻഡിൽ നിന്നും വന്ന പാഴ്‌സലിൽ ഒരു മൊബൈൽ നമ്പറുള്ള വ്യാജ വിലാസമായിരുന്നു ഉണ്ടായിരുന്നത്. പ്രിവൻ്റീവ് കമ്മീഷണറേറ്റിലെ ഓഫീസർമാർ ഡമ്മി പാഴ്‌സൽ ഉണ്ടാക്കുകയും അതിൽ പിടിച്ചെടുത്ത ലഹരി വസ്തുവിലുണ്ടായിരുന്ന വ്യാജ അഡ്രസ് നൽകുകയും ചെയ്തു. ശേഷം തപാൽ വകുപ്പിന് ഡെലിവറി ചെയ്യാനായി നൽകിയിരുന്ന ചില സ്ഥലങ്ങളിൽ എല്ലാം തന്നെ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഫെബ്രുവരി 20 ന്, റിസീവർ സൂചിപ്പിച്ച വിലാസത്തിൽ പോസ്റ്റ്മാൻ പാഴ്സൽ കൈമാറുമ്പോൾ, എച്ച്പിയു കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർ പ്രതിയെ വലയിലാക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 50 ഗ്രാം സാധാ കഞ്ചാവും കണ്ടെടുത്തു .
മാത്രമല്ല ഇയാളുടെ മൊബൈലിൽ നിന്ന് വിവിധ വിതരണ ശൃംഖലകളെക്കുറിച്ചും, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിതരണം നൽകുന്നവരെക്കുറിച്ചും തെളിവുകൾ കണ്ടെത്തി. തുടർന്ന് പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.