തൃശൂര്‍: ബാറിന് മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിലാണ് സംഭവം. യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു.
ബാറിൽ വെച്ച് നടന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറാണ് ആക്രമണത്തിനിരയായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കമ്പി വടികൊണ്ടും ചിലര്‍ ഹോക്കി സ്റ്റിക്കുകൊണ്ടും യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ യുവാവിനെ പല തവണ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദനത്തിൽ യുവാവിന്‍റെ തലയോട്ടി പൊട്ടുകയും തലച്ചോറിൽ നിന്ന് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.]