പത്തനംതിട്ട: പെരുനാട് കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ. സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ അംഗമാണ് ജിതിൻ. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചിരുന്നു. വടിവാൾ കൊണ്ടാണ് ഇവർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചതെന്നാണ് ഉയർന്നുവരുന്ന ആരോപണം. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ജിതിനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. വയറിലും ,കാലിലുമാണ് ജിതിന് വെട്ടേറ്റത്.
അതേസമയം പെരുനാട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ജിതിനെ ആക്രമിച്ച കൂനങ്കര സ്വദേശി വിഷ്ണുവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
പത്തനംതിട്ട എസ്പി, റാന്നി ഡി വൈ എസ് പി എന്നിവർ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. ജിതിനെ ആദ്യം പ്രവേശിപ്പിച്ചത് പെരുന്നാട് സർക്കാർ ആശുപത്രിയിലാണ്. പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.