ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ കുഴഞ്ഞുവീണത്. കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു.
ഉടൻ തന്നെ അധ്യാപകർ കവിബാലയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. ഗുളികയുടെ പാർശ്വഫലമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. കവിബാലക്ക് പിന്നാലെ സ്കൂളിൽ രണ്ട് കുട്ടികൾ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണു. കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.