തിരുവനന്തപുരം: റബർ തോട്ടത്തിൽ ടാപ്പിങിനിടെയാണ് തൊഴിലാളിക്ക് പെരുമ്പാമ്പിൻറെ കടിയേറ്റത്. തിരുവനന്തപുരം പാലോട് പച്ചമലയിൽ അജയകുമാറിന് ആണ് കടിയേറ്റത്. ഇന്ന് രാവിലെ റബർ ടാപ്പിങിനിടെയാണ് സംഭവം നടന്നത്. കടിച്ചശേഷം പെരുമ്പാമ്പ് കൽ കെട്ടിന് ഇടയിലേക്ക് കയറിപോവുകയും ചെയ്തു. കടിയേറ്റ അജയകുമാർ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കല്ല് കെട്ടിനിടയിൽ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടി. അഞ്ച് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. വനംവകുപ്പിൻറെ സ്നെയ്ക്ക് കാച്ചർമാരാണ് പാമ്പിനെ പിടികൂടിയത്.









