കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ആണ് അതിപുരാതനം എന്ന് കരുതപ്പെടുന്ന വിഗ്രഹങ്ങൾ കണ്ടെടുത്തത്.
കൃഷി ആവശ്യത്തിനായി മണ്ണ് ഇളക്കുന്നതിനിടയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് മാറിയുള്ള സ്ഥലത്തുനിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ പറമ്പിൽ കപ്പ നടുന്നതിനായി കൃഷിസ്ഥലം ഒരുക്കുന്നതിനിടെയാണ് സംഭവം. മണ്ണ് അല്പം ആഴത്തിൽ ഇളക്കിയതോടെ വിഗ്രഹങ്ങൾ പൊന്തി വരികയായിരുന്നു.
രണ്ട് വിഗ്രഹങ്ങളും സോപാനക്കല്ലുമാണ് കണ്ടെടുത്തത്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. അന്ന് ബലിക്കലും പീഠവും കിണറും ഉണ്ടായിരുന്നതായും ആളുകൾ പറയുന്നു.
കണ്ടെടുത്തത് ശിവലിംഗവും പാർവതി വിഗ്രഹവും ആണെന്നും ഇവയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉള്ളതായും സ്ഥലം സന്ദർശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. ഇവിടെ വളരെ പണ്ട് ശിവക്ഷേത്രവും ആരാധനയും നടന്നിരുന്നതായും പറയപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായും തേവർ പുരയിടം എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് എന്നും പഴമക്കാർ പറയുന്നു. കൂത്താപ്പാടി ഇല്ലം സ്ഥലമായിരുന്നു ഇത്.
പാട്ടവ്യവസ്ഥയിൽ ആളുകൾ സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്തിരുന്നതായും പിന്നീട് ഈ സ്ഥലം അന്യാധീന പെട്ടതായും പരിസരവാസികൾ പറയുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രവും നശിച്ചു.
ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെട്ട സ്ഥലം പല കൈമാറി ഒടുവിൽ വെട്ടത്ത് കുടുംബത്തിന്റെ കയ്യിൽ എത്തി. ഇവരുടെ പക്കൽ നിന്നാണ് അരമന സ്ഥലം വാങ്ങിയത്. സംഭവം പുറത്തിറഞ്ഞതോടെ നിരവധി ആളുകളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.