റബ്ബർ വിലയും കൃഷിയും ഒരു നാടിന്റെ സാമ്പത്തികാവസ്ഥയെ സ്വാധീനിച്ചിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ റബ്ബറായിരുന്നു.എന്നാൽ മരുഭൂമിയിലേക്ക് മണൽ കയറ്റി അയച്ച കഥപോലെയാണ് റബ്ബർ വിപണി നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിലെ കാര്യങ്ങൾ.
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റബ്ബർ ഉത്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫാക്ടറികളിലേക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ റബ്ബർ എത്തുന്നത്. വിലക്കുറവാണ് പ്രധാന കാരണം. 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ വിലയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും റബ്ബർ എത്തിച്ച് ഫാക്ടറികൾക്ക് വിൽക്കാമെന്ന് വ്യാപാരികൾ പറയുന്നു.
പശ്ചിമ ബംഗാളിലും , ത്രിപുരയിലും സംസ്ഥാനത്തെ പ്രാദേശിക വിപണിയേക്കാൾ വൻ വിലക്കുറവിൽ റബ്ബർ ലഭിക്കുന്നുണ്ട്. ചരക്കു നീക്കം ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞാലും പ്രാദേശിക വിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഫാക്ടറികളിൽ റബ്ബർ എത്തിക്കാനാകും. എന്നാൽ ഗുണമേന്മ കുറവാണെന്നത് റബ്ബർ ശേഖരിക്കുന്ന ഫാക്ടറികൾക്ക് ചിലപ്പോഴൊക്കെ വെല്ലുവിളിയാകാറുണ്ട്.
ഉത്പാദനച്ചെലവ് കുറവായതിനാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിപ്പിക്കാൻ വൻകിട ടയർ കമ്പനികളും ശ്രമിക്കുന്നുണ്ട്. ടയർ നിർമാണത്തിന് ആവസ്യമായ സ്വാഭാവിക റബ്ബറിന്റെ ക്ഷാമത്തിന് പരിഹാരമായി ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിന് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
റബ്ബർ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത വരുത്താം എന്നതിനാൽ കേന്ദ്ര സർക്കാരും ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുന്നുണ്ട്. അഞ്ചു ലക്ഷം ഏക്കർ ഭൂമിയിലാണ് കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാൽ മൂന്നര ലക്ഷം ടൺ റബ്ബറിന്റെ അധിക ഉത്പാദനം വർഷം നടക്കും. റബ്ബർകൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നതോടെ അഭ്യന്തര വിപണിയിൽ റബ്ബർ വില ഉയരാനുള്ള സാധ്യത മങ്ങും.
ഉത്പാദനച്ചെലവ് കുറവായതിനാൽ കേരളത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് റബ്ബർ വിൽക്കാൻ ഇവിടങ്ങളിലെ കർഷകർക്ക് കഴിയും. റബ്ബറിന്റെ അന്താരാഷ്ട്ര ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചാൽ മാത്രമേ റബ്ബർ വിലയിൽ കുതിപ്പ് ഉണ്ടാകൂ എന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്.