കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.(Wayanad Rehabilitation; High Court rejected the petition of estate owners)
ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം എന്നും ഹൈക്കോടതി അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്.
ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജികളിന്മേല്‍ നവംബര്‍ 26 നു വാദം പൂര്‍ത്തിയായിരുന്നു.