ആലപ്പുഴയിൽ ഒരു സംഘം യുവാക്കൾ ആറാം ക്ലാസ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതായി പരാതി. ഒരു കൂട്ടം യുവാക്കളാണ് 12 കാരനായ മുഹമ്മദ് മിസ്ബിനെ ദ്രാവകം മണപ്പിച്ചത്. ദ്രാവകം മണത്തിനെ തുടർന്ന് കുട്ടി അവശനിലയിലായി. കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ലഹരിസംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.In Alappuzha, a group of youths forcibly made a sixth grade student smell the liquid in the bottle:
തിങ്കളാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകനാണ് മുഹമ്മദ് മിസ്ബിൻ. ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുട്ടി. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ പിന്തുടർന്ന് എത്തി.
മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കൾ കൈയിലുണ്ടായിരുന്ന കുപ്പി ബലംപ്രയോഗിച്ചു മണപ്പിച്ചു. ഭയന്നുവിറച്ച് വീട്ടിലെത്തിയ കുട്ടിക്ക് ഇതേതുടർന്ന് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് കടപ്പുറം വനിത-ശിശു ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രാഥമികശുശ്രൂഷകൾ നൽകി.
അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ ആലപ്പുഴ സൗത്ത് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.