കാക്കനാട്: കൊച്ചിയിൽ എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. നൂറോളം കാഡറ്റുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളജിലെ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് സംഭവം. കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകീട്ടോടെ ഒട്ടേറെപ്പേർ തളർന്നുവീഴുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും മറ്റു വാഹനങ്ങളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റി.
അധികം പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. രാത്രിയോടെ 65 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തൃക്കാക്കരയിലെ വിവിധ ആശുപത്രികളിലായി 35ഓളം വിദ്യാർഥികൾ ചികിത്സയിലുണ്ട്.