മുണ്ടക്കയം : വാവച്ചൻ ഉഴുന്നുവട ഉണ്ടാക്കുന്നത് മിന്നൽവേഗത്തിലാണ്. ആദ്യം മിനിറ്റിൽ 39 ആയിരുന്നു പിന്നെ അത് 60 ആയി. ഇപ്പോൾ നൂറു കടന്നു.
മുണ്ടക്കയം കൂട്ടിക്കൽ റോഡിലാണ് വാവച്ചൻ്റെ ചായക്കട. ഒരുകൈയിൽ മാവെടുത്ത് ഉരുട്ടി മറുകൈകൊണ്ട് വൃത്തത്തിലാക്കി തുളയിട്ട് ചൂടെണ്ണയിലേയ്ക്കിടുന്നത് കാണാൻ തന്നെ നല്ല രസമാണ്.
കണ്ണ് ചിമ്മി തുറക്കും വേഗത്തിൽ വടയുണ്ടാക്കുന്നത് കണ്ടപ്പോൾ സുഹൃത്തുക്കളാണ് ഗിന്നസിനായി ശ്രമിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ഉഴുന്നുവടയുണ്ടാക്കൽ ഗിന്നസ് പരിശീലനം കൂടിയാണ്. വാവച്ചൻ്റെ ഒരുവടയ്ക്ക് 35 ഗ്രാം തൂക്കം.കൈയുടെ താളത്തിനു അനുസരിച്ച് തൂക്കവും ആകൃതിയും ശരിയാകും.
മുണ്ടക്കയം കിഴക്കേമുറി പുരയിടത്തിൽ പരേതനായ ആലി – സലിയത്ത് ദമ്പതികളുടെ മകനാണ് നൗഷാദെന്ന വാവച്ചൻ.
തമിഴ്‌നാട് യാത്രയ്ക്കിടയിലാണ് വേഗതയിൽ വടയുണ്ടാക്കുന്നയാളെ വാവച്ചൻ കണ്ടത്. പിന്നെ അതൊരു ആഗ്രഹമായി. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വാവച്ചൻ പഠനകാര്യത്തിലും വ്യത്യസ്തനാണ്. 12 വർഷം വീണ്ടും അദ്ധ്യാപകരുടെ കീഴിൽ പഠിച്ചു,എന്നാൽ പരീക്ഷ എഴുതുകയോ സർട്ടിഫിക്കറ്റ് സമ്പാദിക്കാനോ ശ്രമിച്ചില്ലെന്നതാണ് കൗതുകകരം. പകരം ലോകം എന്തെന്നു മനസിലാക്കാനുളള പഠനമായിരുന്നു. വായനയിലും കമ്പക്കാരൻ. ഒപ്പം നല്ല ഗായകനും. സമൂഹമാദ്ധ്യമങ്ങളിലൂടെ പാടിത്തുടങ്ങി.
ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ സംഗീതപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ഇന്റർ നാഷണൽ ചെസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റാണ് വാവച്ചൻ. നാടിനകത്തും പുറത്തുമുളള നൂറുകണക്കിന് ചെസ് മത്സര വേദികളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. മെന്റലിസവും പഠിച്ചിട്ടുണ്ട്. ഭാര്യ : നിഷ, മക്കൾ : ദിയ,ദിൽസ