ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.
മുകേഷ് തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും കട്ടിലിൽ തള്ളിയെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്നു വന്നത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ ദ്രോഹിക്കുക, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച് കടക്കുക, സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ, പിഴയോടൊപ്പം 10 വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.