ആലപ്പുഴ: കൈമുട്ടു വേദനയുമായി എത്തിയ യുവാവിന് നടത്തിയ ശസ്ത്രക്രിയയിൽ കണ്ടെത്തിയത് പട്ടിയുടെ പല്ല്. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കൈ മുട്ടിലാണ് പട്ടിയുടെ പല്ല് കണ്ടെത്തിയത്. യുവാവിനെ 25 വർഷം മുൻപ് പട്ടി കടിച്ചിരുന്നു.(dog’s tooth was removed from young man’s elbow)
കൈമുട്ടു വേദന മാറാതെ വന്നത്തോടെയാണ് വൈശാഖ് ചികിത്സ തേടിയത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് പല്ല് കണ്ടെത്തിയത്.
11 -ാം വയസ്സിലാണ് വൈശാഖിനെ പട്ടി കടിക്കുന്നത്. ഈ പട്ടിയുടെ പല്ല് വൈശാഖിന്റെ കയ്യിൽ തറഞ്ഞിരിക്കുകയായിരുന്നു. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം. ഓപ്പറേഷന് ശേഷമാണ് 25 വർഷം മുൻപ് പട്ടി കടിച്ച വിവരം വൈശാഖ് ഡോക്ടർമാരോട് പറഞ്ഞത്. കടിയേറ്റ സമയത്ത് മുറിവിന് പ്രാഥമിക ചികിത്സ മാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സയും നടത്തിയിരുന്നില്ല.
സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പല്ല് പുറത്തെടുത്തത്. ചികിത്സക്ക് ശേഷം വൈശാഖ് ബുധനാഴ്ച തന്നെ ആശുപത്രിവിട്ടു.