ന്യൂഡൽഹി: പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി എംപിമാരുടെ പരാതിയിലാണ് നടപടി. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.(Parliament Scuffle: Delhi Police Register FIR Against Rahul Gandhi)
ബിജെപി എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിരുന്നത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസിന്റെ നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും തമ്മിൽ സംഘർഷമുണ്ടായത്.
രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫാംഗ് നോന്‍ കൊന്യാക് ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു.