ജില്ലയിലെ രാസ ലഹരി വിതരണക്കാരൻ അറസ്റ്റിൽ. കിഴക്കമ്പലം കാരികുളം കണ്യാട്ടുകുടിയിൽ വീട്ടിൽ എൽദോസ് (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ച് നാലു യുവാക്കളെ എം.ഡി.എം.എ യുമായി പോലീസ് പിടികൂടിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്തത് എൽദോസാണെന്ന് തെളിഞ്ഞത്.
ഇതേതുടർന്നാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദേഹപരിശോധന നടത്തിയ സമയത്ത് എൽദോസിൻ്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ഒരു മില്ലിഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു.
കേരളത്തിന് പുറത്ത് നിന്ന് രാസലഹരി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കുറച്ച് നാളുകളായി പോലീസിൻ്റെ ‘നിരീക്ഷണത്തിലായിരുന്നു. മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹിൽപാലസ്, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.