പെരുമ്പാവൂർ: പുല്ലുവഴിയിൽ കോഴിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഇതര സംസ്ഥാന മോഷ്ടാവാണ് പിടിയിലായത്.
ഇന്നലെ വെളുപ്പിനാണ് പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കണ്ടന്തറ ആലങ്ങാടൻ ഷിയാസിൻ്റെ കോഴിക്കടയിൽ മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്തു കയറിയ ശേഷം മേശവരിപ്പ് കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്.
ഇയാളുടെ മുഖം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മോഷണത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്.
ഇന്ന് രാവിലെ പെരുമ്പാവൂർ മത്സ്യ മാർക്കറ്റിന് സമീപത്ത് നിന്നാണ് മോഷ്ടാവിനെ നാട്ടുകാർ പിടികൂടിയത്. പിന്നീട് കുറുപ്പുംപടി പോലീസിന് കൈമാറി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ പുല്ലുവഴിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാസങ്ങൾക്ക് മുമ്പും ഇതേ കടയിൽ മോഷണം നടന്നിരുന്നു.