തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഇന്ദുജയുടെ ഭർത്താവിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മർദിച്ചത് ഇയാളെന്നാണ് സൂചന.(Newlywed bride was found dead in husband’s house; Husband’s friend in custody)
അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റഡിയില്‍ എടുത്ത സമയത്ത് അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഭർത്തൃ വീട്ടിൽ മാനസിക പീഡനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതായി മകൾ തങ്ങളെ അറിയിച്ചതായും, എന്നാൽ അവിടെ പോകാൻ അനുവദിക്കപ്പെടാത്തതായും ഇന്ദുജയുടെ കുടുംബം ആരോപിച്ചിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷം മൂന്നു മാസം മുമ്പ് പെൺകുട്ടിയെ അഭിജിത് വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തുകയായിരുന്നു.
വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് അഭിജിത്തിന്‍റെ അമ്മുമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തുടർന്ന് ജോലിക്ക് പോയിരുന്ന അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.