ആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകൾക്കകം വ്യാജ എച്ച്.ഡി പതിപ്പ് ഓൺലൈനിൽ. ‘പുഷ്പ: ദ റൈസി’ൻറെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂൾ’ ഇന്നാണ് റിലീസായത്. വ്യാജ പതിപ്പ് ഓൺലൈനിൽ വന്നത് ഇന്ത്യൻ സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.
ടെലഗ്രാം ഗ്രൂപ്പുകളായ തമിഴ്റോക്കേഴ്സ്, മൂവീറൂൾസ്, ഫിൽമിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോർന്നത്. ചിത്രത്തിൻറെ ബോക്സോഫീസ് കലക്ഷനെ വ്യാജ പതിപ്പിൻറെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്ക്രീനിൽ ചിത്രം കാണാനുള്ള ആവേശത്തിലാണ് അല്ലു ആരാധകർ. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂർണമായിക്കഴിഞ്ഞു.
അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയർത്തിയതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതല്ല നിരക്ക് വർധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ടിക്കറ്റ് നിരക്ക് ഉയർത്താൻ അനുമതി നൽകിയ ആന്ധ്ര സർക്കാറിനോട് അല്ലു അർജുൻ നന്ദി അറിയിച്ചു.