മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തിയ ഹരിതകർമസേനയുടെ നിരക്കുകൾ പുതുക്കാൻ നീക്കം. ഇതിനായി തയാറാക്കിയ മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് ഏഴുരൂപയായി നിശ്ചയിച്ചു. Harita Karmasena rates are revised
പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച നിരക്ക് ഉയർത്താനും കഴിയും. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ തുക ഈടാക്കും. വലിയ അളവിൽ മാലിന്യം ഉണ്ടാകുന്ന സ്ഥാപനങ്ങളിൽ നിന്നും മാസം അഞ്ച് ചാക്ക് വരെ 100 രൂപയാകും ഫീസ്. പിന്നീടുവരുന്ന ഓരോ ചാക്കിനും 100 രൂപ വീതം അധികമായി നൽകേണ്ടിവരും.
വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന് നിലവിൽ പഞ്ചായത്തുകളിലെ നിരക്ക് 50 രൂപയും നഗരസഭയിൽ 70 രൂപയും എന്നത് തുടരും. ഹരിതകർമ സേനയുടെ യൂസർഫീസിൽ കുടിശിഖ വരുത്തുന്നവരിൽ നിന്നും പിഴയീടാക്കുമെന്നും സൂചനയുണ്ട്. നിലവിലെ മാർഗരേഖയിൽ ചില കാര്യങ്ങളിൽവ്യക്തത ഇല്ലാത്തതിനാൽ കൂടുതൽ വ്യക്തത വരുത്തി പുറത്തിറക്കും.