കൊച്ചി: കേരള വഖഫ് ബോർഡിന് വൻ തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർണായ ഉത്തരവ് പുറപ്പെടുവിച്ചത്.
വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത്.
വഖഫ് ബോർഡിന്റെ പരാതിയിൽ 2017-ലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ ഹൈക്കോടതിയിലെത്തിയത്.
2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോർഡ് നടപടി സ്വീകരിച്ചത്.
എന്നാൽ, നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
വഖഫ് ബോർഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരായ കേസ് രജിസ്റ്റർ ചെയ്തത്. 1999 ൽ പ്രവർത്തനമാരംഭിച്ചതോണ് പോസ്റ്റ് ഓഫീസ്. ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്.
2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.
കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി. 2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
മുനമ്പമടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളിൽ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ നിർണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്