തിരുനെൽവേലി: തമിഴ്‌നാട്ടിൽ മലയാളിയായ നീറ്റ് കോച്ചിങ് സെന്ററുടമ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
ക്ലാസ്സിൽ ഉറങ്ങിയെന്നാരോപിച്ചാണ് കുട്ടികളെ അടിക്കുകയും ചെരുപ്പ് എറിയുകയും ചെയ്തത്. ജലാൽ അഹമ്മദ് എന്ന മലയാളിയാണ് കോച്ചിങ് സെന്‍റർ ഉടമ. സംഭവത്തിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജലാൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഹ്മദ് വടി ഉപയോഗിച്ച് വിദ്യാർഥികളെ അടിക്കുന്നതും വിദ്യാർഥിനികൾക്ക് നേരെ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരിലൊരാളും ചില വിദ്യാർഥികളും മേലപ്പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും നിരവധി വിദ്യാർഥികളും ജീവനക്കാരും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കണ്ണദാസൻ കോച്ചിങ് സെന്‍ററിലെത്തി അന്വേഷണം നടത്തി. കമീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷം മുൻപാണ് കേരളത്തിൽ നിന്നുള്ള ജലാൽ അഹമ്മദ് തിരുനൽവേലിയിൽ കോച്ചിങ് സെന്‍റർ ആരംഭിച്ചത്.ഇയാൾ കർക്കശക്കാരനായിരുന്നെങ്കിലും വിദ്യാർഥികളെ വേദനിപ്പിക്കാനായി ബോധപൂർവം ഒന്നും ചെയ്യില്ലെന്നുമാണ് കോച്ചിങ് സെന്‍റർ അധികൃതർ പറയുന്നത്.”
NEET Coaching Centre Owner Beats Students Brutually In Tamil Nadu