തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറക്കി.(ADGP MR Ajith Kumar removed from Sabarimala duty)
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചുമതലയിൽ നിന്ന് മാറ്റി നിർത്തിയത്ത്. ശബരിമല കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. നേരത്തെ ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു.
വരുന്ന സീസണില്‍ സുരക്ഷ ക്രമീകരണങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ മാറ്റുകയായിരുന്നു.