റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകുന്നു. മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. റഹീമിൻറെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.Abdul Rahim’s release order delayed in Saudi Arabia jail
പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിൻറെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹർജിയിൽ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴിന് ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം ചേരുമെന്ന് സഹായസമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ അറിയിച്ചു. സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും വിവിധ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.