ഷാർജ: ഐ സി സി 2024 വനിതാ ട്വൻറി – 20 ലോകകപ്പ് ക്രിക്കറ്റിൽ സെമി ഫൈനൽ ടിക്കറ്റിനായി ഗ്രൂപ്പ് എ യിൽ വമ്പൻ പോരാട്ടം. ഇന്ത്യ, ന്യൂസിലൻഡ്, നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ടീമുകളാണ് സെമി ഫൈനൽ ടിക്കറ്റ് ആഗ്രഹിച്ച് ഗ്രൂപ്പ് എ യിൽ അവസാന വട്ട പോരാട്ടത്തിന് ഒരുങ്ങുന്നത്. ഗ്രൂപ്പിൽ നാലു മത്സരങ്ങളും പൂർത്തിയാക്കി ഒരു ജയം പോലും ഇല്ലാതെ ശ്രീലങ്ക പുറത്തായി കഴിഞ്ഞു.India need to beat Australia to reach the semis
മൂന്നു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഓസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. നാലു പോയിന്റ് വീതമാണ് ഇന്ത്യക്കും ന്യൂസിലൻഡിനും. എന്നാൽ, നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ( +0.576 ) ന്യൂസിലൻഡിനേക്കാൾ (+0.282) മുൻതൂക്കമുണ്ട്. അതുകൊണ്ട് ഗ്രൂപ്പിൽ നിലവിൽ രണ്ടാം സ്ഥാനത്ത് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയാണ്
ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയിച്ചാൽ മാത്രം പോര. സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് തകർപ്പൻ ജയം തന്നെ വേണം. മൂന്ന് കളികളിലും വിജയിച്ച ഓസീസ് 6 പോയിൻറുമായി സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു.
4 പോയിൻറുകൾ വീതമുള്ള ഇന്ത്യയ്ക്കും ന്യൂസിലൻഡിനും തുല്യ സാധ്യതയാണ് ഉള്ളത്. വമ്പൻ ജയത്തോടെ റൺനിരക്കിൽ ഓസീസിനെ മറികടന്നാൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട. ഓസീനെതിരെ നേരിയ വിജയമോ തോൽവിയോ ആണെങ്കിലും പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകൾ.
ട്വന്റി 20യിൽ ഓസീസിനെതിരെ കളിച്ച 34 കളികളിൽ ഇന്ത്യയ്ക്ക് വെറും 8 കളികളിൽ മാത്രമാണ് ജയിക്കാനായത്. എന്നാൽ, ഇതിൽ രണ്ട് ജയങ്ങളും ലോകകപ്പിലാണെന്നത് ഇന്ത്യയ്ക്ക് കരുത്താകും.
പ്രധാന താരങ്ങളായ അലിസ ഹീലിക്കും ടെയ്‍ല വ്ലെമിങ്കിനും പരിക്കേറ്റത് ഓസീസിന് തിരിച്ചടിയാണ്. സ്ഥിരതയോടെ റണ്ണടിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ഫോമിലേക്ക് എത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസമാകുന്നു. 3 കളികളിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ മലയാളി താരം ആശ ശോഭനയിലേക്കാണ് ഇന്ത്യൻ ആരാധകർ, പ്രത്യേകിച്ച് മലയാളികൾ ഉറ്റുനോക്കുന്നത്.