മാറനല്ലൂരിൽ തെരുവു നായകൾ കോഴി ഫാമിലേക്ക് കടക്കുന്നത് തടയാൻ ഒരുക്കിയ വൈദ്യുതി വേലിയിൽ തട്ടി തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മാറനല്ലൂർ അഞ്ചറവിള ലക്ഷം വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ വത്സമ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്.
വെള്ളൂർക്കോണം മുല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിന് സമീപമായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. മൺവെട്ടികൊണ്ട് പരിസരം വൃത്തിയാക്കുന്നതിനിടെ കമ്പിയിൽ മൺവെട്ടി തട്ടി വത്സമ്മ ഷോക്കേറ്റ് വീഴുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയവർക്കും ഷോക്കേറ്റു.
തുടർന്ന് നാട്ടുകാർ കെ.എസ്.ഇ.ബി. അധികൃതരെ വിവരം അറിയിക്കുകയും അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം വത്സമ്മയെ മാറ്റുകയുമായിരുന്നു. കോഴിഫാം ഉടമ മാറനല്ലൂർ കോട്ടമുകൾ സ്വദേശി അരവിന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.