വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് മരിച്ചത്. മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജവാർത്തയാണ് ഇവരുടെ മരണത്തിനിടയാക്കിയയത്. Heartbroken teacher dies of heart attack over fake phone call
സംഭവം ഇങ്ങനെ:
തിങ്കളാഴ്ചയാണ് മാൽതിക്ക് ഫോൺ വിളി എത്തുന്നത്. വാട്സാപ് കോളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് അയാൾ പറഞ്ഞത്.
മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാൽതിയുടെ മകൻ ദിപാൻഷു പൊലീസിനോടു പറഞ്ഞു. പണം നൽകിയാൽ മകൾക്കെതിരെയുള്ള കേസ് ഒഴിവാക്കാമെന്നും വിളിച്ചയാൾ പറഞ്ഞെന്ന് ദിപാൻഷു അറിയിച്ചു.
‘‘ആഗ്രയിലെ അച്നേരയിൽ സർക്കാർ സ്കൂൾ അധ്യാപികയാണ് എന്റെ അമ്മ. ഈ കോൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ എന്നെ വിളിച്ചിരുന്നു. കോൾ വന്ന നമ്പർ ഞാൻ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി.
അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ തോന്നുന്നതായും പറഞ്ഞു. ഞാൻ വീണ്ടും വീണ്ടും പ്രശ്നമൊന്നുമില്ലെന്നും കോളജിലുള്ള സഹോദരിയെ വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും അമ്മയ്ക്ക് ആശ്വാസമായില്ല. തുടർന്ന് ആരോഗ്യനില മോശമാകുകയും ഇവർ മരിക്കുകയുമായിരുന്നു.