ഇടുക്കി ഇരട്ടയാറിൽ ജലാശയത്തിൽ വീണ് കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇടുക്കി, കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്കൂബ സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഇടുക്കി ഡാമിൻ്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിലും ഇരട്ടയാർ ജലാശയത്തിലുമാണ് തിരച്ചിൽ. Search continues for missing child in Idukki
ഓണാവധി ആഘോഷിക്കാൻ തറവാട് വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കൾ ഇരട്ടയാർ ജലാശയത്തിൽ ഒഴുക്കിൽപെടുകയായിരുന്നു. ഒഴുക്കിൽപെട്ട കുട്ടികളിൽ ഒരാളെ ഉടൻതന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ – രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ്( അമ്പാടി 13) ആണ് മരണപ്പെട്ടത്.
ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടിൽ എത്തിയതാണ് അതുൽ. ഉപ്പുതറയിൽ താമസിക്കുന്ന മൈലാടുംപാറ രതീഷ് സൗമ്യ ദമ്പതികളുടെ മകൻ അസൗരേഷ് (അക്കു 12 ) വിനായി പോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്. അച്ഛന്റെ കുടംബവീട്ടിൽ ഓണാഘോഷത്തിനായി എത്തിയതാണ് അസൗരേഷ്.
വ്യാഴാഴ്ച രാവിലെ 10 നാണ് സംഭവം. ഇരട്ടയാർ ജലാശയത്തിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കളിക്കുകയായിരുന്നു ഒഴുക്കിൽപെട്ട കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ കളിക്കുകയായിരുന്നു. കളിക്കിടെ രണ്ടുപേർ സമിപത്തെ വെള്ളത്തിൽ ഇറങ്ങി. വെള്ളത്തിൽപോയ പന്ത് തപ്പിയിറങ്ങിയതാണെന്നും സൂചനയുണ്ട്.
കൈകോർത്ത് പിടിച്ചാണ് കുട്ടികൾ വെള്ളത്തിലിറങ്ങിയതെങ്കിലും ജലാശയത്തിൽ അടിയൊഴുക്കുള്ള ഭാഗമായതിനാൽ ഒഴുക്കിൽ പെടുകയായിരുന്നു. അസൗരേഷിന്റെ ജ്യേഷ്ഠൻ ആദിത്യനും അതുൽ ഹർഷിന്റെ ജ്യേഷ്ഠൻ അനു ഹർഷനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ഇവർ വിവരം അറിയിച്ചത് അനുസരിച്ച് പ്രദേശവാസികൾ ഒടിക്കൂടി നടത്തിയ തിരച്ചിലിൽ ഇരട്ടയാർ ജലാശയത്തിൽ നിന്നും ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ടണലിലേയ്ക്ക് വെള്ളമൊഴുകുന്ന തുരങ്ക മുഖത്തെ കോൺക്രീറ്റ് തടയണയുടെ ഭാഗത്തു നിന്നും ഉടൻ തന്നെ അതുൽ ഹർഷിനെ കണ്ടെത്താനായി.
എന്നാൽ അസൗരേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അഞ്ചുരുളി ഭാഗത്തേക്ക് ഒഴുക്കുള്ള സമയമായതിനാൽ ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി തുരങ്കമുഖത്തും ജലാശയത്തിലും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.