കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും യാത്രക്കാരും ഓട്ടോ തൊഴിലാളികളും രംഗത്ത്.Autos ‘banned’ at Kozhikode Airport
ഓഗസ്റ്റ് 16 മുതൽ ട്രാഫിക് പരിഷ്കരണം നിലവിൽ വന്നതിന്റെ ഭാഗമായാണ് ‘ഓട്ടോറിക്ഷയ്ക്ക് പ്രവേശനമില്ല’ എന്നു കാണിച്ച് എയർപോർട്ട് അതോറിറ്റി പുതിയ ബോർഡ് സ്ഥാപിച്ചത്. അകത്തേക്കു പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും കവാടത്തിനു മുൻപിൽ സ്ഥാപിച്ച ബോർഡിലുണ്ട്.
എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച് ഓട്ടോറിക്ഷകൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമുണ്ട്. എങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇതുവരെ ഓട്ടോറിക്ഷകളെ തടഞ്ഞിരുന്നില്ല. എന്നാലിപ്പോൾ അതല്ല സ്ഥിതി.
ദേശീയപാതയോരത്ത് ബസ് ഇറങ്ങി വിമാനത്താവളത്തിലെത്താൻ ഒട്ടേറെ പേർ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകൾ തടഞ്ഞാൽ യാത്രക്കാർ പ്രയാസപ്പെടും.
കവാടത്തിൽ ഓട്ടോറിക്ഷകളെ തടയരുതെന്നും യാത്രക്കാരെ ടെർമിനലിനു മുൻപിൽ ഇറക്കാൻ അനുമതി വേണമെന്നുമാണു പ്രധാന ആവശ്യം.