കൊച്ചി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ മമ്മൂട്ടിയുടെ പേരും ഉൾപ്പെട്ടിരുന്നു.(Mammootty wishes state and national film awards winners)
ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനായി പോരാടിയിരുന്നത്. ദേശീയ പുരസ്കാരത്തിൽ കാന്താര എന്ന ചിത്രത്തിലൂടെ റിഷഭ് ഷെട്ടിയായിരുന്നു മമ്മൂട്ടിക്കൊപ്പം മത്സരത്തിനുണ്ടായിരുന്നത്.
‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ ഫെയ്സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണമറിയിച്ച് അദ്ദേഹം രംഗത്തെത്തിയത്. നിരവധി പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്. ഞങ്ങൾ ആത്മാർഥമായി അങ്ങേയ്ക്ക് ലഭിക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു മറ്റൊരു കമന്റ്. ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും കമന്റിൽ പറഞ്ഞവരുണ്ട്.