റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. വഴിയിൽ കിടന്ന വയോധികനു ദാരുണാന്ത്യം. ഇടുക്കി സ്വദേശി കെ.എ.ഗോപാലൻ (65) ആണ്ഇ മരിച്ചത്. ഇരിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ് ഗോപാലൻ. (An elderly person met a tragic end in Kannur)
ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ കാൽതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. പൊടുന്നനെ എത്തിയ വാഹനം രാജനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്തു കയറി. ഈ സമയം ഇതുവഴി ഇരുചക്ര വാഹനം ഉൾപ്പെടെ പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണു നിർത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗോപാലൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണു മരിച്ചത്. ഇടിച്ചിട്ട ഒരു വാഹനത്തെ പറ്റി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ്, ഇടിച്ചിട്ട വാഹനങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കി.