കനത്ത മഴയും മഴക്കെടുതികളും മൂലം വലയുകയാണ് കേരളം. പിന്നാലെ നിരവധി രോഗങ്ങളും. ഇതിനിടയിൽ മറ്റൊരു ദുരിതം കൂടി എത്തിയിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളാണ് കോട്ടയം ജില്ലയിൽ ദുരിതം വിതയ്ക്കുന്നത്. കോട്ടയം കോടിമതയ്ക്ക് സമീപത്തെ വീടുകളിൽ ഇവയുടെ ശല്യം അതിരൂക്ഷമാണ്. (African snails are causing misery in Kottayam district.)
എംജി റോഡിൽ വരുന്ന കണ്ടെയ്നറുകളിൽ നിന്നാണ് ഇവ വീടുകളിൽ എത്തുന്നത്. ഉപ്പു വിതറി ഇവയെ നശിപ്പിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പുകളിലും വീടിന്റെ ചുവരുകളിലും ഇവ നിറയുകയാണ്.
ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതലുള്ളത്. ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണം.
പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ പറയുന്നു.