ഇടുക്കി അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ പെരിയാർ പുഴ കൈയേറി നിർമാണം നടത്തിയ സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് റവന്യൂ വകുപ്പ്. നിർമാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളും അടിയന്തിരമായി നിർമാണം നിർത്തിവയ്ക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. കെ. ചപ്പാത്ത് മുതൽ പരപ്പ് വരെയുള്ള ഭാഗത്ത് മലയോര ഹൈവേ നിർമാണത്തിന്റെ മറവിൽ നിർമാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങൾക്ക് അയ്യപ്പൻകോവിൽ പഞ്ചായത്തും നോട്ടീസ് നൽകിയിട്ടുണ്ട്. (Construction of Periyar River in Idukki; Revenue Department with action)
ഇതോടെ നിലവിൽ നടന്നുകൊണ്ടിരുന്ന നിർമാണങ്ങൾ താൽകാലികമായി നിലച്ചെങ്കിലും വീണ്ടും ഇതേ സ്ഥലങ്ങളിൽ നിർമാണം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മലയോര ഹൈവേ നിർമാണത്തിന്റെ മറവിലാണ് കെ. ചപ്പാത്ത് ടൗണിൽ ബഹു നില കെട്ടിടം കെട്ടിപ്പൊക്കിയത്. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും മൗനാനുവാദത്തോടെയാണ് റോഡ് നിർമാണത്തിന്റെ മറവിൽ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ നിർമാണം നടന്നത്.
ഇതിനു പിന്നാലെ തൊട്ടടുത്ത് മറ്റൊരു സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കെട്ടിട നിർമാണത്തിനായി കോൺക്രീറ്റ് ബീമുകൾ നിർമിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വാർത്തയാക്കിയത്. ബഹു നിലകെട്ടിടം നിർമിക്കുന്നതിനാണ് ഇവിടെയും ശ്രമം തുടങ്ങിയത്.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിൽ രാത്രിയും പകലുമായി നടന്ന അനധികൃത നിർമാണം വാർത്തയായതിന് പിന്നാലെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് വില്ലേജ് ഓഫീസിൽ നിന്നും കെട്ടിട നിർമാണങ്ങൾ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.