കോട്ടയം:കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്.
കേരളത്തിലെ നാടൻ പച്ചക്കറിയും വേനലിൽ നശിച്ചിരുന്നു.
കിലോക്ക് 60 രൂപയിൽ താഴെ ലഭിക്കുന്നത് സവാള മാത്രമായി. ബീൻസ് കിലോക്ക് 180-200 രൂപ എങ്കിൽ ഇഞ്ചി വില 220 രൂപയായി. പാവയ്ക്ക 90, കാരറ്റ് 90, ബീറ്റ്റൂട്ട് 70, വെണ്ടക്ക 70, തക്കാളി 68, ഉള്ളി 80, മാങ്ങ 90.ഏത്തവാഴകൾ ഒടിഞ്ഞു വീണതും പച്ചക്കറി നശിച്ചതും വരുന്ന ഓണവിപണിയിൽ വില വർദ്ധനയ്ക്കു കാരണമായേക്കും.
മത്സ്യ വിലയും കുതിച്ചുയ തുകയാണ്. നാടൻ മത്തിക്ക് പകരമുള്ള മുള്ളൻ മത്തി കിലോക്ക് 240 രൂപയായി. അയില 340ൽ എത്തി. പൊടിമീനു പോലും 180ആയി. കിളിമീൻ 200-240. വറ്റ, കാളാഞ്ചി, മോത വലിപ്പമനുസരിച്ച് 600- 900 രൂപയിലെത്തി. വലിപ്പമുള്ള കരിമീൻ 600 രൂപക്കു മുകളിലാണ്. ഏറെ ഡിമാൻഡുള്ള നെയ്മീൻ 1000 രൂപക്കു മുകളിലെത്തി.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ മത്സ്യ ലഭ്യതയും കുറഞ്ഞതും കാറ്റും മഴയും ശക്തമായതോടെ തൊഴിലാളികൾ കടലിൽ പോകാതായതുമാണ് മത്സ്യ വില ഉയരാൻ കാരണം.
പക്ഷിപ്പനി വ്യാപകമായതോടെ കോഴിക്കടകൾ അടപ്പിച്ചിരുന്നു. കടകൾ തുറന്നിട്ടും വില 168-170ൽ നിൽക്കുന്നു. കോഴിയിറച്ചിക്കു നിരോധനമായതോടെ മാട്ടിറച്ചി വ്യാപാരികൾ വില കൂട്ടി. 380 രൂപയായിരുന്ന മാട്ടിറച്ചി വില 400-420ലും. ആട്ടിറച്ചി 850-900ത്തിലുമെത്തി. പച്ചക്കറി, മീൻ, ഇറച്ചി വില വർദ്ധനവിനൊപ്പം അരി, ഉഴുന്ന്, പയർ, പരിപ്പ്, തുടങ്ങി നിത്യോപയോഗ സാധന വിലയിലും 10 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടായി. പകർച്ചപ്പനി മൂലം ചികിത്സാ ചെലവും സ്കൂൾ തുറക്കലിന്റെ അധിക ചെലവും വഹിക്കുന്ന സാധാരണക്കാരുടെ ബഡ്‌ജറ്റ് താളം തെറ്റിച്ചു.നിത്യോപയോഗ സാധന വില കുതിച്ചുയർന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.