ആഗ്രഹങ്ങൾ ഉണ്ടാവുക മനുഷ്യസഹജമാണ്. എന്നാൽ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കണമെന്ന് വാശി പിടിക്കുന്നത് അറിവില്ലായ്മയും പക്വത ഇല്ലായ്മയും ആണ്. അത്തരത്തിൽ ഒരു വീഡിയോ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇപ്പോൾ വൈറൽ ആവുകയാണ്. ഐഫോൺ വാങ്ങാൻ കാശില്ലാത്തതിനാൽ സ്വന്തം മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമ യാചിക്കുന്ന പിതാവിന്റെ വീഡിയോയാണ് വാർത്തയ്ക്ക് പിന്നിലെ അടിസ്ഥാനം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് മെയ് നാലിന് ചൈനയിലെ തയ്യുവാൻ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഒരു വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയിൽ കൗമാരക്കാരിയായ പെൺകുട്ടി റോഡിൽ വച്ച് തനിക്ക് ഐഫോൺ വാങ്ങി നൽകാൻ കഴിയാത്ത പിതാവിനോട് ദേഷ്യപ്പെട്ട് കയർക്കുകയും റോഡിൽ ബഹളം വയ്ക്കുകയും ചെയ്യുന്നതായി കാണാം. തന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി മകളോട് പറഞ്ഞു മനസ്സിലാക്കാൻ കഴിയാതിരുന്ന പിതാവ് ഒടുവിൽ മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമ യാചിക്കുന്നത് കാണാം. മകളെ അനുനയിപ്പിക്കുവാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നതിനാലാവാം ആ പിതാവ് അങ്ങനെ ചെയ്തത്. പെട്ടെന്ന് പശ്ചാത്താപം തോന്നിയ പെൺകുട്ടി പിതാവിനെ പിടിച്ച് എഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാമെന്നു റിപ്പോർട്ടുകൾ പറയുന്നു.
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പിതാവിന്റെ പ്രവർത്തിയിൽ സഹതാപവും പെൺകുട്ടിയുടെ പ്രവർത്തിയിൽ ദേഷ്യവും ആണ് ആളുകൾ പ്രകടിപ്പിക്കുന്നത്.