ലോക ചരിത്രത്തിലാദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ചയാൾ മരിച്ചു. പന്നിയുടെ ജനിതകമാറ്റം വരുത്തിയ വൃക്ക മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലേമാൻ എന്ന അറുപത്തിരണ്ടുകാരൻ ആണ് മരിച്ചത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും പന്നിയുടെ വൃക്ക മനുഷ്യരിൽ പ്രവർത്തിക്കുമെന്നായിരുന്നു ശസ്ത്രക്രിയ നടത്തിയ സമയത്ത് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് മാസം പിന്നിടവെയാണ് റിച്ചാർഡ് സ്ലേമാന്റെ മരണം.
മാർച്ച് 21ന് മസാച്യുസെറ്റ്സ് ആശുപത്രിയിൽ വെച്ചാണ് വൃക്കരോഗിയായിരുന്ന റിച്ചാർഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ലോകത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി പന്നിയുടെ വൃക്ക മാറ്റിവച്ചുവെന്നത് അപൂർവ നേട്ടമായിരുന്നു ഇത്. നേരത്തെ, പരീക്ഷണാർഥം മസ്തിഷ്ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകൾ താത്ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ടുപേർക്ക് പന്നികളിൽനിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തി. എന്നാല്‍ ഇരുവരും മാസങ്ങൾക്കുശേഷം മരണത്തിനു കീഴടങ്ങി.
അതേസമയം, ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കു സ്ലേമാന്റെ കുടുംബം മസാച്യുസെറ്റ്സിലെ ഡോക്ടർമാർക്ക് നന്ദി പറഞ്ഞു. രോഗിയായിരുന്ന അദ്ദേഹത്തിനൊപ്പം ഏഴാഴ്ച കൂടി ജീവിക്കാനുള്ള അവസരം ലഭിച്ചു. ആ ഓർമകൾ തങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും കുടുംബം കൂട്ടിച്ചേർത്തു.
Read Also: ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി; ക്ഷേത്രങ്ങള്‍ ഭക്തർക്കായി തുറന്നു
Read Also: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ









