രംഗണ്ണന്റെ കരിങ്കാളി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ചിരിയും ദേഷ്യവും ഒരേ സമയം മാറിമാറി വരുന്ന രംഗണ്ണന്റെ പ്രകടനം ഇപ്പോൾ മുംബൈ പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. രംഗണ്ണന്‍റെ മുഖഭാവം മാറുന്നതിനനുസരിച്ചുള്ള സുരക്ഷാ നിര്‍ദേശങ്ങളാണ് മുംബൈ പൊലീസിന്റെ സൈബര്‍ പേജിൽ പങ്കുവെച്ച റീലില്‍ ഉള്ളത്. മുംബൈ പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ റീല്‍ പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്‍റുകളാണ് വരുന്നത്. ”മുംബൈ പൊലീസിന്‍റെ സോഷ്യല്‍ മീഡിയ മാനേജര്‍ മലയാളി ആണോ” എന്നും ”മുംബൈ പൊലീസിന്‍റെ പേജ് കേരള പൊലീസ് ഹാക്ക് ചെയ്‌തോ” എന്നുമൊക്കെയാണ് കമന്റുകൾ. ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു ഇത്. ആവേശത്തിലെ കരിങ്കാളി വീണ്ടും ഹിറ്റായതോടെ നിരവധിപ്പേരാണ് റീലുകളുമായി രംഗത്തെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ്ഫാസിൽ ചിത്രം ആവേശം വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്.
