മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിൽ റോഡപകടങ്ങൾ മൂലം മരിച്ചവരുടെ എണ്ണം കുറഞ്ഞതായി മോട്ടർ വാഹന വകുപ്പ്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ പൊതുജനം ശീലമാക്കിയത്,
എഐ ക്യാമറ, മോട്ടർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോഴ്സ്മെന്റ്, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, എന്നിവയാണു മരണസംഖ്യ കുറയാൻ കാരണമെന്ന് എംവിഡി പറയുന്നു.
2022ൽ മരണസംഖ്യ 4317 ആയിരുന്നെങ്കിൽ 2023ൽ അത് 4010 ആയി. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 (2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു) 2022 ൽ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.
2020ന്റെ തുടക്കത്തിലുണ്ടായിരുന്ന 1.40 കോടി വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുറവ് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച എഐ ക്യാമറ അപകടമരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്.
എംവിഡിയുടെ സമൂഹമാധ്യമ പോസ്റ്റ്;
307 എന്നത് ചെറിയ കുറവല്ല.
2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോൾ അപകട മരണം 2022 ലെ 4317 എന്ന നമ്പറിൽ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം. അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയിൽ 307 പേരുടെ കുറവ്.(7.2ശതമാനം)
കഴിഞ്ഞ കുറച്ച് വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും. 2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 ( 2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു)2022 ൽ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.2020 ൻ്റെ തുടക്കത്തിൽ ഒരു കോടി നാൽപത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോർസ്മെൻ്റ്, റോഡുസുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായി. ഭൂരിഭാഗം ആളുകളും ഹെൽമെറ്റ്, സീറ്റ് ബെൽട്ട് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല ഒരു പ്രതീക്ഷയാണ് നൽകുന്നത്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അപകടങ്ങളും മരണവും ഇനിയും കുറക്കാൻ കഴിയുമെന്ന് തന്നെയാണ് ഇതിൽ നിന്നു മനസിലാവുന്നത്.അതിനായി മുഴുവൻ ജനങ്ങളുടെയും പരിപൂർണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.