ജീവിച്ചിരുന്നപ്പോൾ ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സഫലമാകാതെ മരണപ്പെട്ട കുടുംബാംഗത്തിന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ച് ബന്ധുക്കൾ. എഴുപതാം വയസ്സിൽ മരണപ്പെട്ട എലിസബത്ത് ഗാർസിയയുടെ ചിതാഭസ്മമാണ് ഓറ ഫ്ളൈറ്റ്സ് എന്ന കമ്പനി വഴി ബന്ധുക്കൾ ബഹിരാകാശത്ത് എത്തിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ 2023ലാണ് സ്ട്രാറ്റോസ്ഫെറിക് ബലൂൺ ഉപയോഗിച്ച് ഭൗമോപരിതലത്തിൽ നിന്നും 100,000 അടി ഉയരത്തിൽ ചിതാഭസ്മം എത്തിച്ചത്. ചിതാഭസ്മത്തോടൊപ്പം എലിസബത്തിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ബഹിരാകാശ വിക്ഷേപണം വളരെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ചിതാഭസ്മം ബഹിരാകാശത്തെത്തിക്കാൻ കഴിഞ്ഞത് വളരെ ഹൃദയസ്പർശിയായ കാര്യമായിരുന്നുവെന്നും കമ്പനി വക്താവായ എല്ലെ ലില്ലി പറഞ്ഞു.
ഹൃദ്രോഗിയായിരുന്ന എലിസബത്തിന് രണ്ട് വർഷം കൂടി ആയുസ്സാണ് ഡോക്ടർമാർ പ്രവചിച്ചിരുന്നത്. എന്നാൽ എഴുപതാം പിറന്നാൾ ആഘോഷിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ എലിസബത്ത് മരണപ്പെട്ടു. ലോകം മുഴുവൻ സഞ്ചരിച്ച എലിസബത്തിന് ഒരു തവണ പോലും ബഹിരാകാശം സന്ദർശിക്കാൻ കഴിഞ്ഞില്ല. തന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തണമെന്ന് അവർ ആഗ്രഹിച്ചിരുന്നതായി സഹോദരിയായ ജീൻ പറഞ്ഞു. ഇതേത്തുടർന്നാണ് ഷെഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറ ഫ്ളൈറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ച് ബന്ധുക്കൾ അറിയുന്നതും എലിസബത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതും. എത്തിയാല് മരണശേഷമെങ്കിലും എലിസബത്തിന്റെ ആഗ്രഹപൂർത്തീകരിക്കാൻ കഴിഞ്ഞതിന്റ സന്തോഷത്തിലാണുകുടുംബാംഗങ്ങൾ.