കൊല്ലപ്പെട്ട ടിടിഇ കെ വിനോദ് മാലയാളസിനിമയിലും സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു. നിരവധി സിനിമ പ്രവർത്തകർ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇപ്പോളിതാ മലയാളത്തിന്റെ സ്വന്തം മോഹൻലാലും വിനോദിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ ഓര്‍ത്തത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
എറണാകുളം-പട്‌ന എക്‌സ്പ്രസിൽ ഇന്നലെ വൈകിട്ടാണ്അന്യസംസ്ഥാന തൊഴിലാളി വിനോദിനെ തള്ളിയിട്ടത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.